Afleveringen

 • giro a la izquierda അഥവാ ഇടത്തേക്കുള്ള വളവ്  ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ്  കൊളംബിയയിലെ Universidad Icesi സർവകലാശാലയിലെ സൂമൂഹ്യശാസ്ത്ര അദ്ധ്യാപകനായ പ്രൊഫസ്സർ തഥാഗതൻ രവീന്ദ്രനുമായുള്ള സംഭാഷണം .  ഏത് സാമൂഹ്യസാഹചര്യമാണ് ലാറ്റിനമേരിക്കയെ ഇടത്തേക്ക് നയിക്കുന്നത് ?  ഘടനാപരമായ പരിവർത്തനങ്ങൾ അവിടുത്തെ സർക്കാരുകൾ നടത്തുന്നുണ്ടോ ? അവിടുത്തെ മിതവാദി ഇടതുപക്ഷവും റാഡിക്കൽ ഇടതുപക്ഷവും കൈകോർക്കുന്നുണ്ടോ ? ലാറ്റിൻ അമേരിക്കയ്ക്ക് പൊതുവായ നേതൃത്വമുണ്ടോ ?  

  പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  18 നവംബർ 2022  ഡൽഹി 

   https://www.dillidalipodcast.com/

 • നെഹ്‌റുവിന്റെ നിര്യാണത്തെ തുടർന്ന് 1964 ൽ രജ്‌നി കോത്താരി എഴുതിയ The Meaning of Jawaharlal Nehru എന്ന ലേഖനത്തിന്റെ മലയാളരൂപമാണിത് . രാഷ്ട്രമീമാംസകനും സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന രജ്‌നി കോത്താരിയുടെ ലേഖനം പണ്ഡിറ്റ് നെഹ്‌റുവിന്റെ സംഭാവനകളെ ആഴത്തിലുള്ള നിരീക്ഷണങ്ങളിലൂടെ രേഖപ്പെടുത്തിയ ആദരാഞ്ജലി ആയിരുന്നു . ഇന്ത്യയിൽ മതാധിഷ്ഠിത രാഷ്ട്രീയം ശക്തിപ്പെടാനുള്ള സാധ്യതയെക്കുറിച്ച് 1964 ൽ കോത്താരി നൽകിയ സൂചന ഇതിലുണ്ട് .  

  2022 നവംബർ പതിന്നാലാം തീയതി , നെഹ്‌റു ജന്മദിനത്തിൽ , ഈ പോഡ്‌കാസ്റ്റ് സമർപ്പിക്കുന്നു .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  https://www.dillidalipodcast.com/

 • Zijn er afleveringen die ontbreken?

  Klik hier om de feed te vernieuwen.

 • 1922 ൽ വർക്കലയിലെ ശിവഗിരിയിൽ രബീന്ദ്രനാഥ ടാഗോർ നാരായണഗുരുവിനെ കാണുമ്പോൾ ടാഗോറിന് അറുപത്തിയൊന്നുവയസ്സായിരുന്നു പ്രായം . നാരായണഗുരുവിന് അറുപത്തിയാറുവയസ്സായിരുന്നു . ശാന്തിനികേതൻ ഉണ്ടായിട്ട് ഇരുപതാണ്ടുകൾ കഴിഞ്ഞിരുന്നു . ശിവഗിരി മഠത്തിലേക്ക് നാരായണഗുരു ആശ്രമം മാറ്റിയിട്ട് പതിനെട്ടുകൊല്ലവുമായിരുന്നു . ഗാന്ധിജിയുടെ സബർമതി ആശ്രമത്തിന് അഞ്ചുവയസ്സായിരുന്നു . ഇതിനെല്ലാം മുൻപേ ഗുരു ആത്മോപദേശശതകവും അനുകമ്പാദശകവും എഴുതിക്കഴിഞ്ഞിരുന്നു.   ഗുരു ടാഗോറിനോട് എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു , 'നാമായി ഒന്നും ചെയ്തിട്ടില്ല . ഇനി എന്തെങ്കിലും ചെയ്യാനും കഴിവില്ല . നമ്മുടെ കഴിവില്ലായ്മയിൽ നമുക്ക് അതിയായ ദുഃഖമുണ്ട്'.  ഗുരുവും ടാഗോറും തമ്മിൽ 1922 നവംബർ പതിനഞ്ചാം തീയതി  നടന്ന കൂടിക്കാഴ്ചയുടെ ലഭ്യമായ വിശദാംശങ്ങളാണ് ഈ പോഡ്‌കാസ്റ്റ് . കൂടെ ടാഗോർ എഴുതിയ 'ഹൃദയമന്ദിരത്തിൽ ഡമരു ഗുരു ഗുരു ' എന്ന ഗാനവും .  

   സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  11 നവംബർ 2022 

   https://www.dillidalipodcast.com

 • ഇത്തവണ വിഷയം സംഗീതമാണ് . സലിൽ ചൗധുരിയുടെ സംഗീതം . എന്നാൽ മലയാളിയെ മയക്കിയ 'മഴവിൽക്കൊടികാവടി അഴകുവിടർത്തിയ' സംഗീതമല്ല . 1940 -50 കാലങ്ങളിൽ വറുതിയുടെ കാലത്ത് ബംഗാൾ ഗ്രാമങ്ങളെ ധീരസ്വപ്നങ്ങളിലേക്കാനയിച്ച വിപ്ലവഗാനങ്ങളേക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . മൂന്നു പാട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട് .  'ഭാംഗോ , ഭാംഗോ , ഭാംഗോ കാരാ', ഭൂകാ ഹേ ബംഗാ ', 'ഓ അലോ പോതോ ജാത്രി' എന്നിവ . കൂടെ ജോസഫ് സ്റ്റാലിന്റെ ക്രോധത്തിന് പാത്രമായ ഒരു മഹാസംഗീതജ്ഞനെക്കുറിച്ചും .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ

  https://dillidalipodcast.com/

 • ദക്ഷിണേഷ്യൻ രാഷ്ട്രീയ ഗവേഷകനായ പ്രൊഫസർ മാത്യു ജോസഫ്.സിയുമായി ഒരു സംഭാഷണമാണിത്. ചോദ്യങ്ങൾ ഒന്ന്: പ്രധാനമന്ത്രിയായിരുന്ന ഇംറാൻ ഖാനോ ഇന്നത്തെ ഇംറാൻ ഖാനോ ശക്തിമാൻ? രണ്ട്: പാകിസ്താനിലെ പരമ്പരാഗത രാഷ്ട്രീയ പാർടികളെ എങ്ങനെ ഇംറാൻ ഖാൻ്റെ പാർടിയായ പാകിസ്താൻ തെഹ്രീക് -ഇ-ഇൻസാഫ് വെല്ലുവിളിച്ചു? മൂന്ന്: ഉടൻ റിട്ടയർ ചെയ്യുന്ന പട്ടാളമേധാവി ക്വമർ ജാവേദ് ബാജ്വയുടെ ഭാവി? നാല്: ഒരിന്ത്യൻ പത്രത്തിനു പോലും പാകിസ്താനിൽ പ്രതിനിധിയില്ലാതിരിക്കെ ഇന്ത്യൻ മാധ്യമങ്ങളുടെ വസ്തുനിഷ്ഠത എത്ര? അഞ്ച്: അമേരിക്ക, ചൈന, തുർക്കി, സൗദി അറേബ്യ, ഇറാൻ , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുമായി പാകിസ്താൻ്റെ ഇന്നത്തെ ബന്ധം എങ്ങിനെ? ആറ്: പാകിസ്താൻ്റെ ഇന്നത്തെ സാമ്പത്തികാവസ്ഥ എങ്ങനെ?  പ്രൊഫസർ മാത്യു ജോസഫ് ഡൽഹിയിലെ ജാമിയ മില്ലിയ കേന്ദ്ര സർവകലാശാലയിൽ അന്താരാഷ്ട്രബന്ധങ്ങളിൽ അദ്ധ്യാപകനാണ്. 

  പുസ്തകങ്ങൾ: Understanding Pakistan: Emerging voices from India (editor) Pakistan and the Muslim world (editor) Pakistan in a changing strategic context (editor) Ethnic conflict in Bhutan ദേശദേശാന്തരരാഷട്രീയവിചാരം  

  പോഡ്കാസ്റ്റിലേക്ക് സ്വാഗതം. 

  സ്നേഹപൂർവ്വം 

  എസ്. ഗോപാലകൃഷ്ണൻ 

  05 നവംബർ 2022  ഡൽഹി

   https://www.dillidalipodcast.com/

 • വിജയകുമാർ മേനോൻ കലാചരിത്രത്തെ നോക്കിയ രീതി എന്തായിരുന്നു? എന്തായിരുന്നു അദ്ദേഹത്തിൻ്റെ ലാവണ്യസംസ്കാരത്തിലെ വിലയേറിയ മൂല്യത്തുടർച്ച? ചരിത്രത്തെ വർത്തമാനവുമായി അദ്ദേഹം എങ്ങനെ ബന്ധപ്പെടുത്തി? മലയാളത്തിലെ രേഖീയചരിത്രകാരന്മാരായ പൂർവ്വസൂരികളിൽ നിന്നും വിജയകുമാർ മേനോൻ എങ്ങനെ വ്യത്യസ്തനായി? രാജാ രവിവർമ്മയെ എങ്ങനെ കണ്ടു? അദ്ദേഹത്തിന് പരിഭവങ്ങളുണ്ടായിരുന്നോ? ആണത്ത ഈഗോ അരങ്ങുവാഴുന്നിടത്ത് അദ്ദേഹം എങ്ങനെ പെരുമാറി?  ,മൂല്യങ്ങളുടെ സംഘനൃത്തം നടക്കുന്ന വർത്തമാനകാലത്ത്,  സ്വന്തം വ്യക്ത്യാനുഭവങ്ങളിൽ കാലുറപ്പിച്ചുനിന്ന്, കവിത ബാലകൃഷ്ണൻ വിജയകുമാർ മേനോനെ അടയാളപ്പെടുത്തുന്നു.  

  സ്നേഹപൂർവം 

  എസ്. ഗോപാലകൃഷ്ണൻ 

  O2 നവംബർ 2022

 • പ്രിയ സുഹൃത്തേ ,

  ദില്ലി -ദാലിയുടെ 2022 ലെ കേരളപ്പിറവിദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

  'അദ്ദേഹം ശാന്തനാണ് , ഞാനും അങ്ങനെതന്നെ' എന്ന മഹ്മൂദ് ദർവീഷിന്റെ പാലസ്തീനി കവിതയും ഒരു ഹിന്ദുസ്താനി നിശാരാഗവും തമ്മിൽ കണ്ടുമുട്ടുന്നതാണ് പോഡ്‌കാസ്റ്റിന്റെ പ്രമേയം .

  നമ്മെ അഗാധമായി സ്പർശിക്കുന്ന ആ കവിതയും ശ്രുതി സഡോലിക്കറുടെ ആലാപനവും നൽകുന്ന ലാവണ്യസന്ധി ആഗോളപൗരനായ മലയാളിക്ക് സമർപ്പിക്കുന്നു .

  സ്നേഹപൂർവ്വം 

  എസ്‌ . ഗോപാലകൃഷ്ണൻ   

 • ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ പള്ളിയാണ് കൊടുങ്ങല്ലൂരെ ചേരമാൻ ജുമാ മസ്‌ജിദ്‌ . അതിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച വാസ്തുശിൽപ്പി ബെന്നി കുര്യാക്കോസുമായുള്ള ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഭാവിയിലെ പുരാവാസ്തുസംരക്ഷണപ്രവർത്തനങ്ങൾക്ക് സാമൂഹികവും സാമ്പത്തികവും ലാവണ്യപരവുമായ അനുഭവപാഠങ്ങൾ പുതുക്കിയ ചേരമാൻ പള്ളി നൽകുന്നുണ്ട് . അതിൻ്റെ വിശദാoശങ്ങളാണ് ബെന്നി കുര്യാക്കോസ് സംസാരിക്കുന്നത്.  

  സ്നേഹപൂർവ്വം  

  എസ് . ഗോപാലകൃഷ്ണൻ  

  30 October 2022  

  ഡൽഹി

 • 1996 ൽ അഫ്‌ഗാനിസ്താനിൽ നിന്നും വന്ന ഒരു സൂഫി സംഗീതസംഘം പാടിയാണ് ആദ്യമായി 'ജീനി ജീനി ബീനി ചദരിയ' എന്ന കബീർ ഗാനം ഞാൻ  ശ്രദ്ധയോടെ കേൾക്കുന്നത് . അക്കൊല്ലത്തെ ഡൽഹിയിലെ വേനലിന്റെ  തുടക്കമായിരുന്നു അത്. ആ സെപ്റ്റംബറിൽ സംഗീതവിരുദ്ധരായ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തിരുന്നു. ആ ഗായകർ കൊല്ലപ്പെട്ടോ എന്നെനിക്കറിയില്ല. ഇല്ല എന്നു വിശ്വസിക്കുവാൻ കബീർ എന്നെ പ്രേരിപ്പിക്കുന്നു . ജീവിതം അവസാനിക്കുന്നില്ല , ആരോ നെയ്ത വസ്ത്രം മാറുന്നതുപോലെ നാം മാറുന്നുവേയുള്ളൂ എന്നാണ് ചർഖയിൽ നൂൽ നൂറ്റുകൊണ്ട് അദ്ദേഹം പാടിയത് . നാരായണഗുരു ജനനീനവരത്നമഞ്ജരിയിൽ എഴുതിയ അതേ കാലാദിയായ മൃദുനൂലുകൊണ്ടാണ്  കബീർ തൻ്റെ  ദർശനം നെയ്തത്  .  ഒരു കബീർ ഗാനത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . പണ്ഡിറ്റ് കുമാർ ഗന്ധർവയും കവ്വാലി ഗായകൻ  മുക്ത്യാർ അലിയും പാടുന്നു .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ

 • പ്രൊഫസ്സർ സ്‌കറിയ സഖറിയാ വറ്റാത്ത ജലസംഭരണിയായിരുന്നു എന്ന് ഹൃദയസ്പർശിയായ  സ്നേഹസ്മൃതിയിൽ പ്രൊഫസ്സർ ജി . ഉഷാകുമാരി പറയുന്നു . ഇതിനുമുൻപേ ആരും കടന്നുചെല്ലാത്ത മേഖലകളിലേക്ക് ജ്ഞാനദാഹവുമായി നടന്നുപോയ ഗുരുവായിരുന്നു അദ്ദേഹം .  അറിവിൻ്റെ മഹാതുടർച്ചയിലെ ഒരു കണ്ണിമാത്രമാണെന്ന വിനയബോധം ആ ധൈഷണികയാത്രയെ അനന്യമാക്കി .  കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക കോളേജിലെ മലയാളവിഭാഗത്തിന് നേതൃത്വം കൊടുക്കുന്ന ഗവേഷകയും എഴുത്തുകാരിയും അദ്ധ്യാപികയുമായ ഉഷാകുമാരിയുടെ സ്നേഹസ്മൃതിയിൽ സ്‌കറിയ സഖറിയ ആദരിക്കപ്പെടുന്നു .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ

 • പ്രൊഫസ്സർ ജി . അരുണിമയുമായുള്ള സംഭാഷണത്തിലേക്ക് സ്വാഗതം .  

  വിഷയപരിസരങ്ങൾ : ഒന്ന് : ഇന്ത്യയിലും ഇറാനിലും ഹിജാബ് പ്രശ്നം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? 

  രണ്ട് : യൂണിഫോം എന്ന ആശയത്തിന്റെ പരിണാമങ്ങൾ ചരിത്രത്തിൽ  

  മൂന്ന് : ഇന്ത്യയിൽ ഹിജാബ് ധരിക്കുവാൻ സ്വയം ആഗ്രഹിക്കുന്നുവെങ്കിൽ ആ  പെൺകുട്ടികളുടെ കൂടെ നിൽക്കുന്ന പ്രൊഫസ്സർ അരുണിമ എന്തുകൊണ്ട് ഇറാനിൽ ഹിജാബ് അഗ്നിക്കിരയാക്കുന്ന പെൺകുട്ടികളുടെ കൂടെ നിൽക്കുന്നു ? 

  നാല്  : എന്തുകൊണ്ട് ഇറാനിൽ നടക്കുന്നത് സ്ത്രീവിപ്ലവം തന്നെയാകുന്നു ? 

  അഞ്ച്  : അഫ്‌സാന നജ്മബാദി എന്ന ഇറാനിയൻ ചരിത്രകാരി സ്ത്രീകളുടെ ശിരോവസ്ത്രവും രാഷ്ട്രവുമെന്ന വിഷയം വിശദീകരിക്കുവാൻ സ്വീകരിച്ച സ്ത്രീഭാഷ  

  ആറ് : തലമുടി ഒരു സമരായുധമാകുമ്പോൾ , സ്ത്രീയുടെ മുടിയും പുരുഷകേന്ദ്രീകൃത സമൂഹവും എന്ന വിഷയത്തെ അരുണിമ എങ്ങനെ സമീപിക്കുന്നു ?  

  Cambridge University യിൽ Trinity College ൽ നിന്നും ഡോക്ടറേറ്റ് നേടിയ ജി . അരുണിമ ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ സ്ത്രീപഠനവിഭാഗത്തിലെ അദ്ധ്യാപികയാണ്. 

  ഇപ്പോൾ കേരളാ ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ ആണ് .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  17 ഒക്ടോബർ 2022

 • അന്താരാഷ്ട്ര നാണയ നിധിയുടെ ഒക്ടോബറിൽ പുറത്തിറങ്ങിയ  അർദ്ധവാർഷിക റിപ്പോർട്ടിൽ പറയുന്നത് ലോക സാമ്പത്തികരംഗത്തിന് ഏറ്റവും മോശം കാലം വരാൻ പോകുന്നുവെന്നാണ് . ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഈ വിഷയത്തെക്കുറിച്ച് ശ്രീ ടി .കെ അരുണുമായി നടത്തിയ സംഭാഷണം കേട്ടാലും . സാമ്പത്തിക പത്രപ്രവർത്തകരിൽ ഇന്ത്യയിലെ ഏറ്റവും മുതിർന്ന ആധികാരിക ശബ്ദമാണ് അരുണിന്റേത് .   പ്രധാനമായും അരുൺ സംസാരിക്കുന്നത് ഇനി കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് : ഒന്ന് : എന്താണ് IMF ന്റെ ഒക്ടോബറിൽ ഇറങ്ങിയ റിപ്പോർട്ടിന്റെ രത്‌നച്ചുരുക്കം ? രണ്ട് : IMF പറയുന്നതൊക്കെ വേദവാക്യങ്ങളാണോ ? മൂന്ന് : IMF പ്രവചിക്കുമ്പോലെ വരുന്ന രണ്ടുവർഷങ്ങളിൽ വളർച്ചാനിരക്ക് കുത്തനെ കുറഞ്ഞാൽ ഇന്ത്യയെ അത് എത്രകണ്ട് ബാധിക്കും ? നാല് : അമേരിക്കയേയോ യൂറോപ്പിനേയോ ചൈനയേയോ ബാധിക്കുന്നതുപോലെ ഈ പ്രശ്നങ്ങൾ ഇന്ത്യയെ ബാധിക്കാനിടയില്ല എന്നു പറയുന്നതിലെ യുക്തി എന്താണ്  അഞ്ച് : വിലക്കയറ്റമുണ്ടാകും എന്ന സൂചനയുടെ അടിസ്ഥാനമെന്താണ് ? ആറ് : അമേരിക്കയാണോ യഥാർത്ഥ വില്ലൻ ? ഏഴ് : എന്തുകൊണ്ട് റഷ്യ -ഉക്രൈൻ സംഘർഷം ഉടനടി അവസാനിക്കണം ? എട്ട് : അമേരിക്കയും യൂറോപ്പും കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുകയും immigration നിയമങ്ങളിൽ അയവുവരുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യം . ഒൻപത് : എന്തുകൊണ്ട് ഗൾഫ് രാജ്യങ്ങൾക്കും അതുവഴി മലയാളികൾക്കും ആശ്വസിക്കാം ?   :  

  ( You can read T .K Arun's writings on tkarun.substack.com ) 

  പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  15 ഒക്ടോബർ 2022

 • മുലായം സിങ് യാദവിനുള്ള ആദരപോഡ്‌കാസ്റ്റ്   

  വടക്കേയിന്ത്യൻ രാഷ്ട്രീയത്തെ ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ള   അമൃത് ലാൽ ( The Indian EXPRESS , Delhi ) മുലായം ജീവിതത്തെ വിശദമാക്കുന്നു .  

   ഒന്ന് : മുലായത്തിന്റെ ലോഹ്യാവേരുകൾ  

  രണ്ട് : ഉത്തർ പ്രദേശിൽ മന്ദിർ രാഷ്ട്രീയത്തെ എങ്ങനെ അദ്ദേഹം ചെറുത്തു ?  

  മൂന്ന് : മണ്ഡൽ രാഷ്ട്രീയകാലത്തെ എങ്ങനെ ശക്തിപ്പെടുത്തി ?  

  നാല് : സംഘടനാപാടവത്തിലെ പ്രത്യേകതകൾ എന്തൊക്കെ ? 

  അഞ്ച് : വിവിധ ജാതികളുടെ ഏകോപനം എങ്ങനെ സാധിച്ചു ? 

  ആറ് : ഭാഷാനയം എന്തായിരുന്നു ? 

  ഏഴ് : ഫൂലൻ ദേവിയെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതുവഴി എന്തു സന്ദേശം നൽകി ? 

  എട്ട് : എന്തുകൊണ്ട് എല്ലാവർക്കും 'നേതാജി'? 

  ഒൻപത് : ലോഹ്യാ രാഷ്ട്രീയം ഇന്ത്യൻ സാംസ്കാരികധാരകളെ എങ്ങനെ വിലയിരുത്തി ? 

  പത്ത് : ലോഹ്യാരാഷ്ട്രീയത്തിന്റെ അപചയവും മുലായം സിങ് യാദവും   

  അമൃത് ലാലിന് നന്ദി .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  11 ഒക്ടോബർ 2022

 • 'സ്വന്തം രാജാവിന്റെ പേരിൽ ആരാണാവോ അവനെ കൊന്നത് , അവർ വീണ്ടും ജന്മമെടുത്ത് അവനുവേണ്ടിയുള്ള പള്ളികളുടെ താക്കോലുകൾ കൈവശപ്പെടുത്തിയിരിക്കുന്നു', ടാഗോർ എഴുതിയ ഒരു ക്രിസ്തുഗാനത്തിലെ വരികളാണിത്.  ജാമിനി റോയിയുടെ ക്രിസ്തുവിനെപ്പോലെ പൗരസ്ത്യനായിരുന്നോ ടാഗോറിൻ്റെ ക്രിസ്തുവും ? അപ്പോൾ ഗാന്ധിയുടേതോ ?   ജാമിനി റോയ് വരച്ച ക്രിസ്തു , ടാഗോറിൻ്റെ ക്രിസ്തു , ഗാന്ധി എന്നീ വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പോഡ്‌കാസ്റ്റിൽ ടാഗോർ എഴുതിയ രണ്ടു ക്രിസ്തുഗാനങ്ങളും ഉൾപ്പെടുത്തിരിക്കുന്നു .   പ്രണയത്തിൻ പ്രണയമേ , നിന്റെ അവതാരം എന്നെ ഉന്മാദിയാക്കുന്നു   

  സ്നേഹത്തോടെ   

  എസ് . ഗോപാലകൃഷ്ണൻ  

  26 സെപ്റ്റംബർ 2022  

  ഡൽഹി

 • ടെന്നീസ് താരം റോജർ ഫെഡറർ കളിയിൽ നിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം വന്നപ്പോൾ നർത്തകി രാജശ്രീ വാര്യർ ട്വീറ്റ് ചെയ്തു , നൃത്തം അപാരസംഗീതത്തിൻ്റെ ദൃശ്യസാധ്യതയെങ്കിൽ ഫെഡറർ കളിക്കളത്തിൽ തീർക്കുന്നതിലും നാദവും ലയവുമുണ്ടെന്ന് . ആ പ്രസ്താവന പ്രത്യേകതയുള്ളതാണെന്നു തോന്നിയതിനാലാണ് ഈ പോഡ്‌കാസ്റ്റ് ഉണ്ടായത്. എന്താണ് നർത്തകി ഫെഡറർ എന്ന കായികതാരത്തിൽ കാണുന്ന ലാവണ്യാനുഭൂതി ? നിയതമായ ചട്ടങ്ങളിൽ നിന്നുകൊണ്ട്  ഒരു നർത്തകി സൃഷ്ടിക്കുന്ന മൗലികതയും കായികതാരത്തിൻ്റെ സർഗ്ഗപ്രകാശനവും തമ്മിൽ ബന്ധമുണ്ടോ ? ഒരു നർത്തകി എപ്പോഴാണ് വിരമിക്കുക ? അതോ അങ്ങനെയൊന്നില്ലെന്നോ ?  ഒരു സവിശേഷപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം    

  എസ് . ഗോപാലകൃഷ്ണൻ

  19 September 2022

 • എന്തുകൊണ്ട് ഗൊദാർദ് ചലച്ചിത്രദർശനത്തിലെ സോക്രട്ടീസ്?  

  ചലച്ചിത്രചരിത്രകാരൻ ഡോ. സി. എസ്. വെങ്കിടേശ്വരനുമായി ഗൊദാർദിൻ്റെ സംഭാവനകളെക്കുറിച്ചുള്ള സംഭാഷണത്തിലേക്ക് സ്വാഗതം.  

  സ്നേഹപൂർവ്വം 

  എസ്. ഗോപാലകൃഷ്ണൻ 

  14 സെപ്റ്റംബർ 2022

 • നാല്പതുമിനിട്ടുനേരം സംസാരിച്ചുകഴിഞ്ഞപ്പോൾ ഞാൻ വിനയ ചൈതന്യയോട് ചോദിച്ചു , രണ്ടുവരി ഗുരുപ്രതിഭ തരാമോ ? അദ്ദേഹം ചൊല്ലി ,  ' എനിക്കിന്നുനിൻ മൊഴി വന്നു  മൗനനിലയായി മുഴങ്ങുന്നിതാ '  ശ്രീ നാരായണഗുരുവിൻ്റെ സമ്പൂർണ്ണകൃതികൾ വിനയ ചൈതന്യ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തത്   ' A Cry in the Wilderness ' എന്ന പേരിൽ അടുത്തകാലത്ത് പുറത്തിറങ്ങി. ദില്ലി -ദാലിയുടെ ഈ ലക്കം വിനയയുമായി ഒരു സംഭാഷണമാണ് . ഗുരുവിനെ തർജ്ജുമ ചെയ്യുന്നതിലെ വെല്ലുവിളികൾ , സാധ്യതകൾ . 'ശിഷ്യത്വമുണ്ടെങ്കിലേ ഏതൊരു ഗുരുവിനേയും വിവർത്തനം ചെയ്യാൻ കഴിയൂ', അദ്ദേഹം പറയുന്നു .  

   സ്നേഹത്തോടെ ,  

  എസ് . ഗോപാലകൃഷ്ണൻ  

  12 സെപ്റ്റംബർ 2022

 • ടി . വി . ശങ്കരനാരായണന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1968 ലാണ് അമ്മാവനും ഗുരുവുമായിരുന്ന മധുര മണി അയ്യർ ഒറ്റയ്ക്ക്  കച്ചേരി നടത്താൻ അദ്ദേഹത്തിന് അനുവാദം നൽകിയതുപോലും.അതും വയലിനിസ്റ്റ്  ടി . എൻ . കൃഷ്ണൻ നിർബന്ധിച്ചിട്ട്. പക്ഷേ അതിനുശേഷം ടി വി ശങ്കരനാരായണൻ എന്ന സുനാദം അൻപതുവർഷങ്ങളിലേറെ തെന്നിന്ത്യൻ ശാസ്ത്രീയസംഗീതലോകത്തെ ആധികാരിക സൗന്ദര്യങ്ങളിൽ ഒന്നായി മാറി.  ടി വി ശങ്കരനാരായണന്റെ കലയും ജീവിതവും ആദരപൂർവം നോക്കിക്കാണുന്ന ഈ പോഡ്‌കാസ്റ്റിൽ അദ്ദേഹം പാടിയ 'സുബ്രഹ്മണ്യേന രക്ഷിതോഹം' (ശുദ്ധധന്യാസി), 'സരസസാമദാനഭേദദണ്ഡചതുര' (കാപ്പിനാരായണി), ശിവശിവശിവ എനരാദ (പന്തുവരാളി), കാപാലി (മോഹനം)  എന്നീ കൃതികളിൽ നിന്നുള്ള ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  10 സെപ്റ്റംബർ 2022

 • പ്രിയസുഹൃത്തേ ,  

  നയ്യാറ നൂർ എന്ന ഗായിക  എഴുപത്തൊന്നാം വയസ്സിൽ കറാച്ചിയിൽ  മരിക്കുമ്പോൾ ഈ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ ഭാഷയായ മലയാളത്തിൽ ഇങ്ങനെ ഒരു പോഡ്‌കാസ്റ്റ് ഉണ്ടാകുന്നതെന്തുകൊണ്ടാണ്? . സത്യത്തിൽ നാം ചെയ്യുന്നത് ബാക്കിനിൽക്കുന്ന പ്രാണനെ മുറുകെ പുണർന്നുകൊണ്ട് വിളിച്ചുപറയുകയാണ് ഈ ഉപഭൂഖണ്ഡം ബഹുസ്വരതയിൽ വിശാലമായ ഒരു ഏക മാനവികതയാണെന്ന് ...  നയ്യാറ നൂർ പാടിയ മൂന്ന് ഗസലുകളും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു , കൂടെ  അവരുടെ ജീവിതവും നാം ജീവിക്കുന്ന കാലവും.  

  സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ  

  27 ആഗസ്റ്റ് 2022  

   https://dillidalipodcast.com/

 • ഒരു കൂടിയാട്ടവും ഒരു കവിതയും ഉളവാക്കിയ ചിന്തകളാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഒന്നിൽ രാവണൻ ഏകരൂപിയായി ഘനീഭവിക്കുമ്പോൾ മറ്റൊന്നിൽ രാവണൻ ദശാവതാരം കൊള്ളുന്നു . രണ്ടും നമ്മുടെ മനസ്സിനെ കീഴടക്കുന്നു . കപില വേണു അവതരിപ്പിച്ച 'കൈലാസോദ്ധാരണ'വും അനിത തമ്പി എഴുതിയ 'കർക്കടപ്പത്ത്' എന്ന കവിതയുമാണ് ഇവിടെ പരാമർശവിധേയമാകുന്നത്.  കവിതയിൽ രാവണൻ വാങ്‌മയത്തിൽ ഹൃദയശൈലങ്ങളെ കൈയ്യിലെടുക്കുമ്പോൾ കപിലയുടെ ഒറ്റയാൾ ആട്ടത്തിൽ രാവണൻ ഗാന്ധി മൗനവൃതത്തിലെന്നപോലെ അന്തഃകരണങ്ങളെ വശംവദമാക്കുന്നു . കപിലയുടെ രാവണൻ ഇരുകൈകളാൽ കൈലാസത്തെ മേഘപാളികളിലേക്കെറിഞ്ഞ് , മലതിരികെവരുന്നതിനു മുൻപേ വിധിയുമായി പകിടകളിക്കാനിരിക്കുമ്പോൾ , അനിത രാവണനെ വിളിക്കുന്നു , ഹലോ , ഹലോ , രാവണാ , രാവണാ , എരിചുടർ വാശിക്കാരാ  രണ്ടുസർഗ്ഗപ്രകാശനങ്ങളിലൂടെ ഉത്ഭവിക്കുന്ന രാവണനിലേക്കുള്ള ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . പോഡ്‌കാസ്റ്റിൻ്റെ അവസാനം അനിത തമ്പി കവിത അവതരിപ്പിക്കുന്നുണ്ട് .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  https://www.dillidalipodcast.com/

  പോഡ്‌കാസ്റ്റിൽ പരാമർശിക്കുന്ന കപില വേണുവിന്റെ 'കൈലാസോദ്ധാരണം' ഇവിടെ ഈ ലിങ്കിൽ കാണാവുന്നതാണ്  https://www.youtube.com/watch?v=8OaSM...