Afleveringen

 • ഗാന്ധിജിയുടെ രാഷ്ട്രീയത്തിലെ മതാത്മകതയുടെ പ്രതിലോമാംശങ്ങളെ അദ്ദേഹം തൻ്റെ ജീവിതത്തിന്റെ  അവസാനദശകങ്ങളിൽ കഴുകിക്കളയുന്നത് നാം തിരിച്ചറിയേണ്ടതുണ്ട്.  ഇന്ന് 2023 ലിരുന്ന് മതതീവ്രവാദികൾ  ഗാന്ധിജിയുടെ രാക്ഷസാക്ഷിത്വത്തിന്   അവരവരുടെ രാഷ്ട്രീയതാൽപര്യത്തിനുള്ള അർത്ഥം വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാൽ അത് സോക്രട്ടീസിന്റെ മരണത്തെ വെറും ഒരാത്മഹത്യയായി കരുതുംപോലെയാകും.  വലിയ ക്യാൻവാസുകൾ കാണാൻ കഴിയാതെ ചെറിയ ചിത്രങ്ങളിൽ കുടുങ്ങുന്നതാണ് നമ്മുടെ വർത്തമാനകാലദുരന്തം .    

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  30 ജനുവരി 2023  ഡൽഹി 

   https://www.dillidalipodcast.com/

 • പ്രിയ സുഹൃത്തേ ,  

  ഫെബ്രുവരി അഞ്ചുമുതൽ പതിന്നാലു വരെ ലോകനാടകവേദിയിലെ സമകാലികതരംഗങ്ങൾ തൃശൂരിൽ  അരങ്ങേറാൻ പോകുകയാണ്. കേരളത്തിലെ നാടകപ്രേമികൾക്ക് അസാധാരണമായ ഒരു ദൃശ്യാനുഭവമാകും ഇത് എന്നതിന് സംശയമില്ല .  'ഒന്നിക്കണം മാനവികത' എന്നതാണ് 2023 ലെ കേരളത്തിൻ്റെ അന്താരാഷ്ട്ര നാടകോത്സവത്തിൻ്റെ പ്രമേയം.  നാടകോത്സവത്തിൻ്റെ ക്യൂറേറ്റർമാരിൽ ഒരാളായ, പ്രമുഖ നാടകകാരൻ ദീപൻ ശിവരാമൻ ദില്ലി -ദാലിയോട് ITFOK 2023 യുടെ ആശയാടിത്തറയെക്കുറിച്ചും വിശദാംശങ്ങളെക്കുറിച്ചും സംസാരിക്കുന്നു.    

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  28 ജനുവരി 2023  

  ഡൽഹി  

  https://www.dillidalipodcast.com/

 • Zijn er afleveringen die ontbreken?

  Klik hier om de feed te vernieuwen.

 • പ്രിയ സുഹൃത്തേ,   

  2023 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

  തമിഴ് നാടുതീരത്തുനിന്നും 6942 nautical miles സമുദ്രയാത്ര നടത്തിയാണ് പാവങ്ങളായ തമിഴർ ഫിജിയിലെ കരിമ്പുതോട്ടങ്ങളിൽ പണിയെടുക്കുവാൻ പോയത് . 1879 മെയ് പതിന്നാലാം തീയതിയാണ് 498 തൊഴിലാളികളെ പേറിയ ഒരു കപ്പൽ ഫിജിയിലെത്തുന്നത് . അതിനും മൂന്നുകൊല്ലങ്ങൾക്കു ശേഷമാണ് സുബ്രഹ്മണ്യ ഭാരതിയാർ ജനിച്ചത് . 1879 നും 1916 നുമിടയിൽ ഫിജിയിലെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള നിലങ്ങളിൽ പണിയെടുക്കുവാൻ അറുപതിനായിരം ഇന്ത്യക്കാരാണെത്തിയത്.   തെക്കൻ പസിഫിക് സമുദ്രത്തിലെ ദ്വീപായ ഫിജിയിൽ കരിമ്പുതോട്ടത്തിൽ പണിയെടുക്കാൻ പോയ തമിഴ് സ്ത്രീകളുടെ ദുരിതത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുബ്രഹ്മണ്യ ഭാരതിയാർ എഴുതിയ ഹൃദയസ്പർശിയായ ഗാനമാണ് 'കരിമ്പുതോട്ടത്തിലേ' എന്ന ഗാനത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . നമ്മുടെ ഹൃദയത്തെ ആഴത്തിൽ വേദനിപ്പിക്കുന്ന ഒരു ചരിത്രവും ഗാനവും .  

  Long Live the Indian Secular Republic .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  25 ജനുവരി 2023  ഡൽഹി  

  https://www.dillidalipodcast.com/

 • പ്രിയ സുഹൃത്തേ , 

  ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കത്തിലേക്ക് സ്വാഗതം .  

  പതിന്നാലാം നൂറ്റാണ്ടിൽ ഡൽഹിയിലെ കുത്തബ് മിനാറിൽ ഇടിവെട്ടി . അറ്റകുറ്റപ്പണി ചെയ്തവർ മിനാരത്തിനകത്തെ ചുവരിൽ പലതും കോറിയിട്ടു . പണിചെയ്തവരുടെ പേരുകൾ , ബ്രാഹ്മണർ , അല്ലെങ്കിൽ ഹിന്ദുക്കൾ . അതുപോലെ ഡൽഹി ഭരണത്തിന്റെ വംശാവലിയും , തോമർ , രജപുത്രചൗഹാൻ , ശാകന്മാർ , സുൽത്താന്മാർ എന്നിങ്ങനെ . പണിക്കാർ അവരുടെ ദൈവങ്ങളുടെ പേരുകളും കുറിച്ചിട്ടു , ഗണപതി , വിശ്വകർമ്മ എന്നിങ്ങനെ .  

  2023 ജനുവരി പതിന്നാലാം തീയതി ഡൽഹിയിലെ India International Centre ൽ ചരിത്രകാരി ഡോക്ടർ റൊമില ഥാപ്പർ നടത്തിയ ഡോ . സി.ഡി .ദേശ്‌മുഖ് സ്മാരകപ്രഭാഷണമാണ് 'ഞങ്ങളുടെ ചരിത്രം , നിങ്ങളുടെ ചരിത്രം , ആരുടെ ചരിത്രം ' . ആ പ്രോജ്ജ്വലഭാഷണത്തിൻ്റെ മലയാളഭാഷ്യമാണ് ഈ പോഡ്‌കാസ്റ്റ് .   ദേശീയവാദങ്ങൾ എങ്ങനെ ചരിത്രരചനയെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് റൊമില ഥാപ്പർ പ്രധാനമായും സംസാരിക്കുന്നത് . മതത്തിന്റെ മാനദണ്ഡത്തിൽ ഇന്ത്യാചരിത്രമെഴുതിയ കൊളോണിയൽ പദ്ധതിയുടെ വിജയമായിരുന്നു ഇന്ത്യാ വിഭജനമെന്നും , ഇന്ത്യ ഹിന്ദുരാഷ്ട്രമാകുന്നതിന്റെ വക്കിലാണ് നാം നിൽക്കുന്നതെന്നും അവർ പറയുന്നു . ഇന്ത്യാചരിത്രത്തിൽ വ്യത്യസ്ത മതവിഭാഗങ്ങളുടെ സഹവർത്തിത്വത്തെ കുറിച്ചുള്ള ആധികാരിക ചരിത്രത്തിന്റെ രേഖയാണ് ഈ പ്രഭാഷണം .    

  ദൈർഘ്യം : മുപ്പത്തിയാറു മിനിട്ട്   

  Thanks to Prof Romila Thapar and the India International Centre.  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  17 ജനുവരി 2023 

  https://www.dillidalipodcast.com/

 • പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തെ ആധുനീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ച The Fire Bird എന്ന സംഗീതശിലാപത്തിന്റെ ഒരു കേൾവിയനുഭവമാണ് ഈ ലക്കം ദില്ലി -ദാലി . 1909 -1910 കാലത്ത് റഷ്യൻ composer Igor Stravinsky സംവിധാനം ചെയ്ത ഈ സംഗീതശില്പം ഒരു നൃത്തശില്പം എന്ന നിലയിലും ചരിത്രപ്രധാന്യമുള്ള ലാവണ്യാനുഭവമാണ്. നായകൻ ഇവാൻ നളനും നായിക മറിയ മൊറേവ്‌ന ദമയന്തിയും തീപ്പക്ഷി ഹംസവും മന്ത്രവാദി കോസ്‌ചെയി കലിയുമായ ഒരു സമാന്തരകേൾവിയും കാണലും സാധ്യവുമാണ്.  കേൾവിയുടെ സൂക്ഷ്മസാധ്യതകൾ അന്വേഷിക്കുന്ന ഈ സംഗീതശിൽപം ലോകസംഗീതത്തിലെ ഈടുവെയ്പുകളിൽ ഒന്നാണ് . അപാരമായ സമഗ്രതയാണ് ഇതിൽ ശബ്ദവും നിശ്ശബ്ദവും .  തീപ്പക്ഷി ചിലപ്പോൾ എഴുത്തച്ഛന്റെ കിളിയെ മനസ്സിലേക്കാനയിക്കുന്നു , മറ്റുചിലപ്പോൾ ജാതകകഥയിലെ  ബോധചിത്തയായ ഒറ്റപ്പക്ഷിയായി കാട്ടുതീ കെടുത്തുന്നു . എങ്ങനെ ഒരു റഷ്യൻ നാടോടിക്കഥ നമ്മുടേയും കഥയാകുന്നു .  

  2023 ലെ ആദ്യ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം     

  സ്നേഹപൂർവ്വം   

  എസ്‌ . ഗോപാലകൃഷ്ണൻ   

  10 ജനുവരി 2023  

  ഡൽഹി    

  https://www.dillidalipodcast.com/

 • ചൈനാ -ഇന്ത്യാ ബന്ധപഠനങ്ങളിൽ വിദഗ്ദ്ധനായ ഡോക്ടർ ജബിൻ ടി . ജേക്കബ് (ഡൽഹിയിലെ ശിവ് നാടാർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസ്സർ ) ഇനിപ്പറയുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു   

  ഒന്ന് : അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ ഇപ്പോൾ ഉളവായിരിക്കുന്ന സാഹചര്യം എന്താണ് ? 

  രണ്ട് : 2005 ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ കരാറിന്റെ പ്രാധാന്യമെന്താണ് ? 

  മൂന്ന് : 2013 ൽ ലഡാക്കിലെ Despang പ്രദേശത്ത് ഇന്ത്യ നേടിയ നയതന്ത്രവിജയത്തിൻ്റെ പ്രാധാന്യമെന്താണ് ? 

  നാല് : ഈ വിഷയം ചർച്ച ചെയ്യുമ്പോൾ നമ്മുടേത് ഒരു ജനാധിപത്യരാജ്യമായി തുടരുന്നതിന്റെ ഭാഗ്യവും  പ്രാധാന്യവുമെന്താണ് ? 

  അഞ്ച് : ഇന്ത്യയെ അപേക്ഷിച്ച് ചൈന ഒരു വൻ സാമ്പത്തികശക്തിയായി ഉയർന്നത് അതിർത്തി പ്രദേശത്ത് അവരുടെ അക്രമസ്വഭാവത്തിന് ആക്കം കൂട്ടിയിട്ടുണ്ടോ ? 

  ആറ് : പുതിയ പ്രകോപനത്തിൽ അമേരിക്കൻ നിലപാട് എന്താണ് ? 

  ഏഴ് : എന്തുകൊണ്ട് തവാങ് പ്രദേശത്തെ വനങ്ങളിൽ ചൈന പുതിയ ഗ്രാമങ്ങൾ ഉണ്ടാക്കുന്നു ? 

  എട്ട് : ജാഗ്രതയോടെ വീക്ഷിക്കേണ്ട ഈ വിഷയം ഇന്ത്യൻ പാർലമെന്റിൽ ഇക്കാര്യം ചർച്ച ചെയ്യുന്നതിൽ അപാകതയുണ്ടോ ?   

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  15 ഡിസംബർ 2022  ഡൽഹി  

  https://www.dillidalipodcast.com/

  Show less

 • കടൽ തിളയ്ക്കുന്ന ചെമ്പ്  ഡിസംബർ പതിമൂന്നുമുതൽ 2023 ഏപ്രിൽ മുപ്പതുവരെ കൊച്ചിയിൽ നടക്കുന്ന Sea : A Boiling Vessel എന്ന multidisciplinary കലാസംരഭത്തെക്കുറിച്ചുള്ള തിരനോട്ടമാണ് ഈ പോഡ്‌കാസ്റ്റ് . കടലിൽ നിന്നുമുയർന്നുവന്ന കേരളജീവിതത്തേയും സംസ്‌കാരത്തേയും ആലോചിക്കുന്ന, ആദരിക്കുന്ന , ആഘോഷിക്കുന്ന ഈ സംരംഭം മട്ടാഞ്ചേരിയിലെ ജൂതനഗരിയിലെ പുരാതന യഹൂദഭവനമായ Hallegua യിലാണ് പ്രധാനമായും സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സർവ്വകലാശാലകൾ , ചരിത്രഗവേഷണസ്ഥാപനങ്ങൾ , കലാകേന്ദ്രങ്ങൾ , ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്മാരും ശില്പികളും , ഗായകർ , ഗവേഷകർ തുടങ്ങിയവർ അണിചേരുന്ന Sea : A Boiling Vessel നെ കുറിച്ച് പ്രദർശനത്തിന്റെ Artistic Director ആയ റിയാസ് കോമുവുമായുള്ള ഒരു സംഭാഷണമാണിത് .  

  പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

  സ്നേഹപൂർവ്വം  

  എസ്‌ . ഗോപാലകൃഷ്ണൻ  

  ഡൽഹി  12 ഡിസംബർ 2022 

   https://www.dillidalipodcast.com/

 • ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെ ഡെപ്യൂട്ടി എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണമാണിത്. പ്രാധാനമായും ഇനിപ്പറയുന്ന പത്തു ചോദ്യങ്ങൾക്കാണ് അമൃത് ലാൽ മറുപടി പറഞ്ഞിരിക്കുന്നത്. 1. ശക്തരായ പ്രാദേശികനേതാക്കൾ ഉള്ളിടത്ത് മോദി ഇമേജ് തളരുന്നുവോ? 2. നരേന്ദ്രമോദിയുടെ വിജയ- പരാജയമായി ഫലങ്ങളെ കാണാൻ കഴിയുമോ?  3. പ്രതിപക്ഷ ഐക്യം എന്ന രാഷ്ട്രീയ ഉത്തരവാദിത്വം രാഷ്ട്രീയ പാർടികളെ ഓർമ്മിപ്പിക്കുന്ന സന്ദർഭമാണോ ഇത്? 4. 1975 ൽ ജയപ്രകാശ് നാരായണൻ ഉണ്ടായിരുന്നു. ഇന്നാര്? 5. ഒരു വലിയ വിഭാഗം ഹിന്ദു മധ്യവർഗത്തിനിടയിലെ BJP സമ്മതിയെ നിർണയിക്കുന്ന ഘടകങ്ങൾ എന്തൊക്കെ? 6. കോൺഗ്രസിന് നവജീവൻ ഉണ്ടാകുന്നുണ്ടോ? 7. ഗുജറാത്തിലെ ജനങ്ങൾ എന്തുകൊണ്ട് ഒരേകമുഖ രാഷ്ട്രീയം ശക്തമായി പിൻതുടരുന്നു? അവിടെ ഒരു പ്രതിരാഷ്ട്രീയഭാഷ ഉണ്ടാക്കുവാൻ കോൺഗ്രസിന് എന്തുകൊണ്ട് കഴിയുന്നില്ല? 8. ഡൽഹിയിലെ AAP നേരിടുന്ന സ്വത്വ പ്രതിസന്ധികൾ 9. ഹിമാചലിൽ കോൺഗ്രസിനെ വിജയിപ്പിച്ച ഘടകങ്ങൾ എന്തൊക്കെ? 10. ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പുഫലങ്ങൾ നൽകുന്ന സൂചനകൾ എന്തൊക്കെയാണ്?  

  സ്നേഹപൂർവം 

  എസ്. ഗോപാലകൃഷ്ണൻ 

  9 ഡിസംബർ 2022

 • T.M. Krishna, noted musician , writer and activist in an exclusive interview given to Dilli Dali shares his experience of participating in the Bharat Jodo Yatra. He talks about the significance of the long walk undertaken by Rahul Gandhi, and few other relevant points vis-a-vis faith and liberal democracy.   

  Regards S. Gopalakrishnan

  https://www.dillidalipodcast.com/

 • പ്രിയസുഹൃത്തേ , 

   'ഉസ്‌താദ്‌ അസദ് അലി ഖാന്റെ രുദ്രവീണ വിൽപ്പനയ്ക്ക് വെയ്ക്കുമ്പോൾ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

  ഹിന്ദുസ്താനി സംഗീതത്തിലെ രുദ്രവീണ ശാഖയിലെ വ്യതിരിക്തശൈലിയുടെ ഉസ്താദായിരുന്ന അസദ് അലി ഖാൻ വായിച്ചിരുന്ന രുദ്രവീണ സാമ്പത്തിക ബുദ്ധമുട്ടുകളാൽ മകൻ വിൽക്കാൻ വെച്ചിരിക്കുന്നു എന്ന വാർത്തയാണ് ഈ പോഡ്‌കാസ്റ്റിന് കാരണഭൂതമായത്.  ഒരിക്കൽ പോലും അസദ് അലി ഖാൻ വീണ നിലത്തുവെയ്ക്കില്ലായിരുന്നു . തന്റെ മെത്തയിലായിരുന്നു വീട്ടിൽ ആ വീണയെ വെച്ചിരുന്നത് . അതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് , “When I sleep on the bed, how can my veena be on the floor.” ഞാൻ മെത്തയിലുറങ്ങുമ്പോൾ എങ്ങനെ എൻ്റെ വീണയ്ക്ക് നിലത്തുറങ്ങാൻ പറ്റുമെന്നാണ് .  സംഗീതജ്ഞൻ മരിച്ചുകഴിഞ്ഞാൽ അദ്ദേഹം ഉപയോഗിച്ച ഉപകരണം ഒരു പാഴ്വസ്തുവാണോ ?എന്തുകൊണ്ടാണ് ഗാന്ധിയുടെ ചെരിപ്പും കണ്ണടയും ഘടികാരവും നാം സംരക്ഷിച്ചുവെച്ചിരിക്കുന്നത് ? ആ കണ്ണട ഒരു സമരമോ പ്രാർത്ഥനയോ ഇപ്പോൾ കാണുന്നില്ലല്ലോ .   എവിടെയുണ്ട് ഉസ്താദ് അലാവുദ്ദീൻ ഖാന്റെ സുർ ബഹാർ ? എവിടെയുണ്ട് ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹ്നായി ? എവിടെയുണ്ട് രാജരത്തിനം പിള്ളയുടെ നാഗസ്വരം ? ബീഗം അക്തറുടെ ഹാർമോണിയം ?    

  ഒരു ദുഃഖവാർത്ത ഉളവാക്കിയ ചിന്തകളിലേക്ക് സ്വാഗതം . 

  കൂടെ ഉസ്താദ് അസദ് അലി ഖാൻ രുദ്രവീണയിൽ വായിച്ച 'മിയാൻ കി തോടി' യും .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  29 നവംബർ 2022

  https://www.dillidalipodcast.com/

  Show less

 • giro a la izquierda അഥവാ ഇടത്തേക്കുള്ള വളവ്  ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ്  കൊളംബിയയിലെ Universidad Icesi സർവകലാശാലയിലെ സൂമൂഹ്യശാസ്ത്ര അദ്ധ്യാപകനായ പ്രൊഫസ്സർ തഥാഗതൻ രവീന്ദ്രനുമായുള്ള സംഭാഷണം .  ഏത് സാമൂഹ്യസാഹചര്യമാണ് ലാറ്റിനമേരിക്കയെ ഇടത്തേക്ക് നയിക്കുന്നത് ?  ഘടനാപരമായ പരിവർത്തനങ്ങൾ അവിടുത്തെ സർക്കാരുകൾ നടത്തുന്നുണ്ടോ ? അവിടുത്തെ മിതവാദി ഇടതുപക്ഷവും റാഡിക്കൽ ഇടതുപക്ഷവും കൈകോർക്കുന്നുണ്ടോ ? ലാറ്റിൻ അമേരിക്കയ്ക്ക് പൊതുവായ നേതൃത്വമുണ്ടോ ?  

  പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  18 നവംബർ 2022  ഡൽഹി 

   https://www.dillidalipodcast.com/

 • നെഹ്‌റുവിന്റെ നിര്യാണത്തെ തുടർന്ന് 1964 ൽ രജ്‌നി കോത്താരി എഴുതിയ The Meaning of Jawaharlal Nehru എന്ന ലേഖനത്തിന്റെ മലയാളരൂപമാണിത് . രാഷ്ട്രമീമാംസകനും സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന രജ്‌നി കോത്താരിയുടെ ലേഖനം പണ്ഡിറ്റ് നെഹ്‌റുവിന്റെ സംഭാവനകളെ ആഴത്തിലുള്ള നിരീക്ഷണങ്ങളിലൂടെ രേഖപ്പെടുത്തിയ ആദരാഞ്ജലി ആയിരുന്നു . ഇന്ത്യയിൽ മതാധിഷ്ഠിത രാഷ്ട്രീയം ശക്തിപ്പെടാനുള്ള സാധ്യതയെക്കുറിച്ച് 1964 ൽ കോത്താരി നൽകിയ സൂചന ഇതിലുണ്ട് .  

  2022 നവംബർ പതിന്നാലാം തീയതി , നെഹ്‌റു ജന്മദിനത്തിൽ , ഈ പോഡ്‌കാസ്റ്റ് സമർപ്പിക്കുന്നു .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  https://www.dillidalipodcast.com/

 • 1922 ൽ വർക്കലയിലെ ശിവഗിരിയിൽ രബീന്ദ്രനാഥ ടാഗോർ നാരായണഗുരുവിനെ കാണുമ്പോൾ ടാഗോറിന് അറുപത്തിയൊന്നുവയസ്സായിരുന്നു പ്രായം . നാരായണഗുരുവിന് അറുപത്തിയാറുവയസ്സായിരുന്നു . ശാന്തിനികേതൻ ഉണ്ടായിട്ട് ഇരുപതാണ്ടുകൾ കഴിഞ്ഞിരുന്നു . ശിവഗിരി മഠത്തിലേക്ക് നാരായണഗുരു ആശ്രമം മാറ്റിയിട്ട് പതിനെട്ടുകൊല്ലവുമായിരുന്നു . ഗാന്ധിജിയുടെ സബർമതി ആശ്രമത്തിന് അഞ്ചുവയസ്സായിരുന്നു . ഇതിനെല്ലാം മുൻപേ ഗുരു ആത്മോപദേശശതകവും അനുകമ്പാദശകവും എഴുതിക്കഴിഞ്ഞിരുന്നു.   ഗുരു ടാഗോറിനോട് എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു , 'നാമായി ഒന്നും ചെയ്തിട്ടില്ല . ഇനി എന്തെങ്കിലും ചെയ്യാനും കഴിവില്ല . നമ്മുടെ കഴിവില്ലായ്മയിൽ നമുക്ക് അതിയായ ദുഃഖമുണ്ട്'.  ഗുരുവും ടാഗോറും തമ്മിൽ 1922 നവംബർ പതിനഞ്ചാം തീയതി  നടന്ന കൂടിക്കാഴ്ചയുടെ ലഭ്യമായ വിശദാംശങ്ങളാണ് ഈ പോഡ്‌കാസ്റ്റ് . കൂടെ ടാഗോർ എഴുതിയ 'ഹൃദയമന്ദിരത്തിൽ ഡമരു ഗുരു ഗുരു ' എന്ന ഗാനവും .  

   സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  11 നവംബർ 2022 

   https://www.dillidalipodcast.com

 • ഇത്തവണ വിഷയം സംഗീതമാണ് . സലിൽ ചൗധുരിയുടെ സംഗീതം . എന്നാൽ മലയാളിയെ മയക്കിയ 'മഴവിൽക്കൊടികാവടി അഴകുവിടർത്തിയ' സംഗീതമല്ല . 1940 -50 കാലങ്ങളിൽ വറുതിയുടെ കാലത്ത് ബംഗാൾ ഗ്രാമങ്ങളെ ധീരസ്വപ്നങ്ങളിലേക്കാനയിച്ച വിപ്ലവഗാനങ്ങളേക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . മൂന്നു പാട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട് .  'ഭാംഗോ , ഭാംഗോ , ഭാംഗോ കാരാ', ഭൂകാ ഹേ ബംഗാ ', 'ഓ അലോ പോതോ ജാത്രി' എന്നിവ . കൂടെ ജോസഫ് സ്റ്റാലിന്റെ ക്രോധത്തിന് പാത്രമായ ഒരു മഹാസംഗീതജ്ഞനെക്കുറിച്ചും .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ

  https://dillidalipodcast.com/

 • ദക്ഷിണേഷ്യൻ രാഷ്ട്രീയ ഗവേഷകനായ പ്രൊഫസർ മാത്യു ജോസഫ്.സിയുമായി ഒരു സംഭാഷണമാണിത്. ചോദ്യങ്ങൾ ഒന്ന്: പ്രധാനമന്ത്രിയായിരുന്ന ഇംറാൻ ഖാനോ ഇന്നത്തെ ഇംറാൻ ഖാനോ ശക്തിമാൻ? രണ്ട്: പാകിസ്താനിലെ പരമ്പരാഗത രാഷ്ട്രീയ പാർടികളെ എങ്ങനെ ഇംറാൻ ഖാൻ്റെ പാർടിയായ പാകിസ്താൻ തെഹ്രീക് -ഇ-ഇൻസാഫ് വെല്ലുവിളിച്ചു? മൂന്ന്: ഉടൻ റിട്ടയർ ചെയ്യുന്ന പട്ടാളമേധാവി ക്വമർ ജാവേദ് ബാജ്വയുടെ ഭാവി? നാല്: ഒരിന്ത്യൻ പത്രത്തിനു പോലും പാകിസ്താനിൽ പ്രതിനിധിയില്ലാതിരിക്കെ ഇന്ത്യൻ മാധ്യമങ്ങളുടെ വസ്തുനിഷ്ഠത എത്ര? അഞ്ച്: അമേരിക്ക, ചൈന, തുർക്കി, സൗദി അറേബ്യ, ഇറാൻ , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുമായി പാകിസ്താൻ്റെ ഇന്നത്തെ ബന്ധം എങ്ങിനെ? ആറ്: പാകിസ്താൻ്റെ ഇന്നത്തെ സാമ്പത്തികാവസ്ഥ എങ്ങനെ?  പ്രൊഫസർ മാത്യു ജോസഫ് ഡൽഹിയിലെ ജാമിയ മില്ലിയ കേന്ദ്ര സർവകലാശാലയിൽ അന്താരാഷ്ട്രബന്ധങ്ങളിൽ അദ്ധ്യാപകനാണ്. 

  പുസ്തകങ്ങൾ: Understanding Pakistan: Emerging voices from India (editor) Pakistan and the Muslim world (editor) Pakistan in a changing strategic context (editor) Ethnic conflict in Bhutan ദേശദേശാന്തരരാഷട്രീയവിചാരം  

  പോഡ്കാസ്റ്റിലേക്ക് സ്വാഗതം. 

  സ്നേഹപൂർവ്വം 

  എസ്. ഗോപാലകൃഷ്ണൻ 

  05 നവംബർ 2022  ഡൽഹി

   https://www.dillidalipodcast.com/

 • വിജയകുമാർ മേനോൻ കലാചരിത്രത്തെ നോക്കിയ രീതി എന്തായിരുന്നു? എന്തായിരുന്നു അദ്ദേഹത്തിൻ്റെ ലാവണ്യസംസ്കാരത്തിലെ വിലയേറിയ മൂല്യത്തുടർച്ച? ചരിത്രത്തെ വർത്തമാനവുമായി അദ്ദേഹം എങ്ങനെ ബന്ധപ്പെടുത്തി? മലയാളത്തിലെ രേഖീയചരിത്രകാരന്മാരായ പൂർവ്വസൂരികളിൽ നിന്നും വിജയകുമാർ മേനോൻ എങ്ങനെ വ്യത്യസ്തനായി? രാജാ രവിവർമ്മയെ എങ്ങനെ കണ്ടു? അദ്ദേഹത്തിന് പരിഭവങ്ങളുണ്ടായിരുന്നോ? ആണത്ത ഈഗോ അരങ്ങുവാഴുന്നിടത്ത് അദ്ദേഹം എങ്ങനെ പെരുമാറി?  ,മൂല്യങ്ങളുടെ സംഘനൃത്തം നടക്കുന്ന വർത്തമാനകാലത്ത്,  സ്വന്തം വ്യക്ത്യാനുഭവങ്ങളിൽ കാലുറപ്പിച്ചുനിന്ന്, കവിത ബാലകൃഷ്ണൻ വിജയകുമാർ മേനോനെ അടയാളപ്പെടുത്തുന്നു.  

  സ്നേഹപൂർവം 

  എസ്. ഗോപാലകൃഷ്ണൻ 

  O2 നവംബർ 2022

 • പ്രിയ സുഹൃത്തേ ,

  ദില്ലി -ദാലിയുടെ 2022 ലെ കേരളപ്പിറവിദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

  'അദ്ദേഹം ശാന്തനാണ് , ഞാനും അങ്ങനെതന്നെ' എന്ന മഹ്മൂദ് ദർവീഷിന്റെ പാലസ്തീനി കവിതയും ഒരു ഹിന്ദുസ്താനി നിശാരാഗവും തമ്മിൽ കണ്ടുമുട്ടുന്നതാണ് പോഡ്‌കാസ്റ്റിന്റെ പ്രമേയം .

  നമ്മെ അഗാധമായി സ്പർശിക്കുന്ന ആ കവിതയും ശ്രുതി സഡോലിക്കറുടെ ആലാപനവും നൽകുന്ന ലാവണ്യസന്ധി ആഗോളപൗരനായ മലയാളിക്ക് സമർപ്പിക്കുന്നു .

  സ്നേഹപൂർവ്വം 

  എസ്‌ . ഗോപാലകൃഷ്ണൻ   

 • ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ പള്ളിയാണ് കൊടുങ്ങല്ലൂരെ ചേരമാൻ ജുമാ മസ്‌ജിദ്‌ . അതിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച വാസ്തുശിൽപ്പി ബെന്നി കുര്യാക്കോസുമായുള്ള ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഭാവിയിലെ പുരാവാസ്തുസംരക്ഷണപ്രവർത്തനങ്ങൾക്ക് സാമൂഹികവും സാമ്പത്തികവും ലാവണ്യപരവുമായ അനുഭവപാഠങ്ങൾ പുതുക്കിയ ചേരമാൻ പള്ളി നൽകുന്നുണ്ട് . അതിൻ്റെ വിശദാoശങ്ങളാണ് ബെന്നി കുര്യാക്കോസ് സംസാരിക്കുന്നത്.  

  സ്നേഹപൂർവ്വം  

  എസ് . ഗോപാലകൃഷ്ണൻ  

  30 October 2022  

  ഡൽഹി

 • 1996 ൽ അഫ്‌ഗാനിസ്താനിൽ നിന്നും വന്ന ഒരു സൂഫി സംഗീതസംഘം പാടിയാണ് ആദ്യമായി 'ജീനി ജീനി ബീനി ചദരിയ' എന്ന കബീർ ഗാനം ഞാൻ  ശ്രദ്ധയോടെ കേൾക്കുന്നത് . അക്കൊല്ലത്തെ ഡൽഹിയിലെ വേനലിന്റെ  തുടക്കമായിരുന്നു അത്. ആ സെപ്റ്റംബറിൽ സംഗീതവിരുദ്ധരായ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തിരുന്നു. ആ ഗായകർ കൊല്ലപ്പെട്ടോ എന്നെനിക്കറിയില്ല. ഇല്ല എന്നു വിശ്വസിക്കുവാൻ കബീർ എന്നെ പ്രേരിപ്പിക്കുന്നു . ജീവിതം അവസാനിക്കുന്നില്ല , ആരോ നെയ്ത വസ്ത്രം മാറുന്നതുപോലെ നാം മാറുന്നുവേയുള്ളൂ എന്നാണ് ചർഖയിൽ നൂൽ നൂറ്റുകൊണ്ട് അദ്ദേഹം പാടിയത് . നാരായണഗുരു ജനനീനവരത്നമഞ്ജരിയിൽ എഴുതിയ അതേ കാലാദിയായ മൃദുനൂലുകൊണ്ടാണ്  കബീർ തൻ്റെ  ദർശനം നെയ്തത്  .  ഒരു കബീർ ഗാനത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . പണ്ഡിറ്റ് കുമാർ ഗന്ധർവയും കവ്വാലി ഗായകൻ  മുക്ത്യാർ അലിയും പാടുന്നു .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ

 • പ്രൊഫസ്സർ സ്‌കറിയ സഖറിയാ വറ്റാത്ത ജലസംഭരണിയായിരുന്നു എന്ന് ഹൃദയസ്പർശിയായ  സ്നേഹസ്മൃതിയിൽ പ്രൊഫസ്സർ ജി . ഉഷാകുമാരി പറയുന്നു . ഇതിനുമുൻപേ ആരും കടന്നുചെല്ലാത്ത മേഖലകളിലേക്ക് ജ്ഞാനദാഹവുമായി നടന്നുപോയ ഗുരുവായിരുന്നു അദ്ദേഹം .  അറിവിൻ്റെ മഹാതുടർച്ചയിലെ ഒരു കണ്ണിമാത്രമാണെന്ന വിനയബോധം ആ ധൈഷണികയാത്രയെ അനന്യമാക്കി .  കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക കോളേജിലെ മലയാളവിഭാഗത്തിന് നേതൃത്വം കൊടുക്കുന്ന ഗവേഷകയും എഴുത്തുകാരിയും അദ്ധ്യാപികയുമായ ഉഷാകുമാരിയുടെ സ്നേഹസ്മൃതിയിൽ സ്‌കറിയ സഖറിയ ആദരിക്കപ്പെടുന്നു .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ